Friday, April 5, 2013
ബുദ്ധന്റെ ചിരി
കേൾക്കുക തഥാഗത, ഭൂമിയുടെ മുറിവുകൾ
ഒഴുകുന്ന നിണമോടെയാർത്തു കേഴുന്നിതാ!
നോക്കൂ മഹാകാശം കണ്ണീർ പൊഴിക്കാതെ-
യകലങ്ങളിൽ മൂകസാക്ഷിയായ് നിൽക്കുന്നു.
അലറിയെത്തും കാറ്റ് പാഴ്‌മുളം തണ്ടിലൂ-
ടൊരു ദു:ഖഗാനമായ് എങ്ങും മുഴങ്ങുന്നു.
ഈ വഴി വരാതെത്ര ചൈത്രം കടന്നുപോയ്
കരിയുന്നു ജീവന്റെ നാമ്പുകളൊക്കെയും!
എങ്ങും കബന്ധങ്ങൾ, മുറിവേറ്റു വീണവർ;
വിടരുവാനാകാതെ വാടുന്ന ബാല്യങ്ങൾ,
കരളുരുകി മാഴ്‌കുന്ന പെറ്റമ്മമാർ, ജീവ-
രക്തത്തിലലിയുന്ന തുടുസാന്ധ്യശോഭകൾ.
കണ്ണു പൊത്തൂ, നമ്മൾ കാണാതിരിക്കുക
ഹൃദയം പിളർക്കുമീ നേരിന്റെ കാഴ്ചകൾ.
മരണം പതുങ്ങുമീ വഴികളിൽ നിന്നു നാം
വേഗം മടങ്ങുക, തങ്ങി നിന്നീടുകിൽ
കൂർത്തൊരു വാൾമുന നീണ്ടിടാം; നമ്മുടെ
ജീവനൊരു തേങ്ങലിൽ ഇല്ലാതെയായിടാം.
പറയൂ തഥാഗത, ഏതു ബോധിച്ചോട്ടി-
ലിനി ഞങ്ങൾ മൗനഹ്രദങ്ങൾ കണ്ടെത്തണം?
എല്ലാമറിഞ്ഞിട്ടു,മറിയാത്ത ഭാവത്തിൽ
നീ ചിരിക്കുമ്പോൾ ഒടുങ്ങുന്നു സർവവും..
(വളരെ നാൾ മുമ്പെഴുതിയ ഒരു കവിത)
Subscribe to:
Post Comments (Atom)
3 comments:
വളരെ നന്നായിട്ടുണ്ട്
കണ്ണു പൊത്തൂ, നമ്മൾ കാണാതിരിക്കുക
ഹൃദയം പിളർക്കുമീ നേരിന്റെ കാഴ്ചകൾ.
മരണം പതുങ്ങുമീ വഴികളിൽ നിന്നു നാം
വേഗം മടങ്ങുക, തങ്ങി നിന്നീടുകിൽ
കൂർത്തൊരു വാൾമുന നീണ്ടിടാം; നമ്മുടെ
ജീവനൊരു തേങ്ങലിൽ ഇല്ലാതെയായിടാം.
മുനയുള്ള വാക്കുകൾ ,നന്നായിടുണ്ട് അനസേ, പ്ലസിലും ഇടൂ !!!
@ajith വളരെ നന്ദി. ഈ വഴി വന്നതിനും വായിച്ച് നല്ല വാക്ക് പറഞ്ഞതിനും.
@ശരത്കാല മഴ നന്ദി സുഹൃത്തേ,വായിച്ചതിനും നല്ല വാക്കിനും.
Post a Comment